Introduction to Meditation

ധ്യാനം – മനസ്സിൽ നിന്ന് സാക്ഷിഭാവത്തിലേക്ക്

സമർപ്പണം 

എന്റെ ഉള്ളിൽ ധ്യാനത്തിന്റെ ആദ്യ വിത്ത് വിതച്ച ഗുരുവായ ഓഷോയ്ക്ക് സമർപ്പണം.

മുഖവുര

ധ്യാനത്തെക്കുറിച്ച് മലയാളത്തിൽ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്.

യോഗത്തെക്കുറിച്ചും ലഭ്യമാണ്.

ആത്മീയതയെക്കുറിച്ചും ലഭ്യമാണ്.

പക്ഷേ ഈ പാഠങ്ങൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് മറ്റൊരു കാരണമാണ്.

കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി, ധ്യാനം, ഹിപ്നോതെറാപ്പി, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്, മനഃശാസ്ത്രം, വ്യക്തിത്വവികസനം, ആത്മീയപരിശീലനം എന്നീ മേഖലകളിൽ ആയിരക്കണക്കിന് ആളുകളുമായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു.

അവരിൽ പലർക്കും ധ്യാനം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു.

ചിലർ നിരവധി പുസ്തകങ്ങൾ വായിച്ചിരുന്നു.

ചിലർ പല ധ്യാനരീതികളും പരീക്ഷിച്ചിരുന്നു.

ചിലർ വർഷങ്ങളായി ധ്യാനം ചെയ്തുവരികയുമായിരുന്നു.

എന്നിട്ടും ഒരു ചോദ്യം വീണ്ടും വീണ്ടും ഉയർന്നുവന്നു.

“ധ്യാനം യഥാർത്ഥത്തിൽ എന്താണ്?”

ഈ ചോദ്യം എത്ര ലളിതമാണോ, അത്രത്തോളം ആഴമുള്ളതുമാണ്.

ധ്യാനത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രശ്നം ആളുകൾ ധ്യാനം ചെയ്യാത്തതല്ല.

ധ്യാനത്തെ തെറ്റായി മനസ്സിലാക്കുന്നതാണ്.

ഈ പാഠങ്ങൾ ആ തെറ്റിദ്ധാരണകൾ തിരുത്താനുള്ള ഒരു ചെറിയ ശ്രമമാണ്.

ഈ പാഠങ്ങളിൽ  ഞാൻ ഒരു പുതിയ ധ്യാനരീതി അവതരിപ്പിക്കുന്നില്ല.

ഒരു മതത്തെയോ തത്ത്വചിന്തയെയോ പ്രചരിപ്പിക്കുന്നുമില്ല.

പകരം, ധ്യാനത്തെ ഞാൻ മനസ്സിലാക്കിയ രീതിയും, വർഷങ്ങളായി അനുഭവിച്ചറിഞ്ഞതും, മറ്റുള്ളവരോടൊപ്പം പ്രവർത്തിച്ചപ്പോൾ വീണ്ടും വീണ്ടും സ്ഥിരീകരിക്കാൻ കഴിഞ്ഞതുമായ കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

എന്റെ ധ്യാനയാത്രയ്ക്ക് തുടക്കം കുറിച്ചത് ഓഷോയാണ്.

അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രഭാഷണങ്ങളും എന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി.

പക്ഷേ ഈ പാഠങ്ങൾ  ഓഷോയുടെ ആശയങ്ങളുടെ ആവർത്തനമല്ല.

അദ്ദേഹം തുറന്നുതന്ന വാതിലിലൂടെ നടന്നുകൊണ്ടിരുന്ന എന്റെ സ്വന്തം യാത്രയുടെ ഫലമാണ്.

ഈ പാഠങ്ങളിൽ  യോഗവും ഉണ്ട്.

സെന്നും ഉണ്ട്.

മനഃശാസ്ത്രവും ഉണ്ട്.

ന്യൂറോസയൻസിന്റെ ചില കണ്ടെത്തലുകളും ഉണ്ട്.

എന്നാൽ ഇവയെല്ലാം ഒരു സിദ്ധാന്തമായി അല്ല, ധ്യാനത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളായിട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ഈ ഈ പാഠങ്ങളിലൂടെ കടന്നു പോകുമ്പോൾ  ഒരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ. പാഠങ്ങളിൽ  നിന്ന് നിങ്ങൾക്ക് ലഭിച്ച അറിവുകൾ  വെറുതെ വിശ്വസിക്കരുത്.

അതുപോലെ, വായിച്ച ഉടനെ തള്ളിക്കളയുകയും ചെയ്യരുത്.

സ്വയം പരിശോധിക്കുക.

സ്വയം അനുഭവിക്കുക.

സ്വയം കണ്ടെത്തുക.

കാരണം ധ്യാനത്തിന്റെ ലോകത്ത് അന്തിമമായ തെളിവ് മറ്റൊരാളുടെ വാക്കുകളല്ല.

നിങ്ങളുടെ സ്വന്തം അനുഭവമാണ്.

ഈ പാഠങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ആ അന്വേഷണത്തിന് ഒരു ചെറിയ തുടക്കമാകുന്നുവെങ്കിൽ, എന്റെ ശ്രമം സഫലമായി എന്ന് ഞാൻ കരുതും.

വെറും വിവരങ്ങൾ ശേഖരിച്ചു നൽകുക എന്നതല്ല , മറിച്ചു 

ഇത് ഒരു ധ്യാനാനുഭവത്തിലേക്കുള്ള  ക്ഷണമാണ്.

ഓരോ  പാഠവും കഴിയുമ്പോൾ  അല്പസമയം നിർത്തുക.

അതിനെക്കുറിച്ച് ചിന്തിക്കേണ്ട.

നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്ക് നോക്കുക.

ഈ പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ അനുഭവവുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുക.

ധ്യാനം പഠിക്കാൻ ഏറ്റവും വലിയ തടസ്സം അറിവില്ലായ്മയല്ല.

നമ്മൾ ഇതിനകം ശരിയാണെന്ന് വിശ്വസിക്കുന്ന പല ധാരണകളുമാണ്.

അതുകൊണ്ട്  പാഠങ്ങളിലൂടെ കടന്നു പോകുമ്പോൾ 

 ഒരു തുടക്കക്കാരന്റെ മനസ്സോടെ ആയിരിക്കുക 

ധ്യാനം നിങ്ങൾക്ക് പുതിയതാണെങ്കിലും,

വർഷങ്ങളായി പരിശീലിക്കുന്ന ആളാണെങ്കിലും,

ഈ പാഠങ്ങൾ ഒരേ രീതിയിൽ വായിക്കുക.

ഓരോ പാഠവും  ഒരു ക്ഷണമാണ്.

ഒരു പുതിയ വിശ്വാസത്തിലേക്കല്ല.

ഒരു പുതിയ അനുഭവത്തിലേക്കാണ്.

ഈ പാഠങ്ങളിൽ  ഞാൻ മനഃശാസ്ത്രത്തെക്കുറിച്ചും സംസാരിക്കും.

യോഗത്തെക്കുറിച്ചും സംസാരിക്കും.

ഓഷോയെക്കുറിച്ചും സംസാരിക്കും.

ധ്യാനത്തിന്റെ വിവിധ സമീപനങ്ങളെക്കുറിച്ചും സംസാരിക്കും.

പക്ഷേ ഇവയൊന്നും അന്തിമസത്യമാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല.

അവ നിങ്ങളുടെ സ്വന്തം അന്വേഷണത്തിന് സഹായകരമായ ഭൂപടങ്ങൾ മാത്രമാണ്.

ഭൂപടം യാത്രയല്ല.

യാത്ര നിങ്ങൾ തന്നെ നടത്തണം.

അവസാനമായി ഒരു കാര്യം മാത്രം.

ധ്യാനത്തെക്കുറിച്ച് വായിക്കുന്നതിനും,

ധ്യാനം അനുഭവിക്കുന്നതിനും ഇടയിൽ,

ഒരു ജീവിതത്തിന്റെ മുഴുവൻ പരിവർത്തനത്തിന്റെ വിടവുണ്ട്.

അതുകൊണ്ട് , ഈ പാഠങ്ങളിലൂടെ കടന്നു പോയ്ക്കഴിയുമ്പോൾ ,  ധ്യാനത്തെക്കുറിച്ച് കൂടുതൽ അറിയുക എന്നതല്ല എന്റെ ആഗ്രഹം.

ധ്യാനം ആരംഭിക്കുക എന്നതാണ്.

സ്നേഹത്തോടെ,

ശ്രീകാന്ത് വാസുദേവൻ

Lotus Thread Community-യെ പിന്തുണച്ചുകൊണ്ടു ഈ നിയോഗത്തിൽ പങ്കാളികൾ അകൂ – ചെറുതോ വലുതോ നിങ്ങളുടെ സ്വമേധയാ ഉള്ള സംഭാവന ഇവിടെ നൽകാം.

ഞങ്ങളുടെ സൗജന്യ Healing Meditation-കളിൽ പങ്കെടുക്കാൻ Lotus Thread Community-യിൽ അംഗമാകൂ.

പൂർണ്ണമായും സൗജന്യം.

അംഗങ്ങൾക്ക് ലഭിക്കുന്നത്:

  • ആഴ്ചയിൽ ഒരു Healing Meditation (മാസത്തിൽ 4 സെഷനുകൾ)
  • ലളിതമായ Breathwork പരിശീലനങ്ങൾ
  • ധ്യാനത്തിന്റെ അടിസ്ഥാന പാഠങ്ങൾ
  • ആത്മീയ വളർച്ചയ്ക്കായുള്ള കമ്മ്യൂണിറ്റി പിന്തുണ

സൗജന്യ അംഗത്വത്തിനായി:

WhatsApp: +965 66327487