Lotus Thread Community-യിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
Lotus Thread Community ഒരു സാധാരണ WhatsApp ഗ്രൂപ്പോ ആത്മീയ ചർച്ചാവേദിയോ അല്ല. ആന്തരിക സൗഖ്യം, വ്യക്തിപരമായ പരിവർത്തനം, ബോധവികാസം, സ്ഥിരമായ ആത്മപരിശീലനം എന്നിവയ്ക്ക് സഹായകമായ ഒരു അനുഭവാധിഷ്ഠിത കൂട്ടായ്മയാണ് ഇത്.
തുറന്ന മനസ്സോടെ അനുഭവിച്ചറിയാനും, ലഭിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ പഠിക്കാനും, ആത്മാർഥമായി മുന്നോട്ട് പോകാനും തയ്യാറുള്ളവർക്കായാണ് ഈ കൂട്ടായ്മ.
കേന്ദ്രതത്ത്വം നമ്മുടെ ലക്ഷ്യം പുതിയൊരു ശക്തി സമ്പാദിക്കലല്ല; ഉള്ളിലെ ആത്മീയപ്രകാശവും ബോധവും സ്വാഭാവികമായി പ്രകടമാകുന്നതിനെ തടയുന്ന ആവരണങ്ങളെ ക്രമേണ നീക്കുകയാണ്. അപ്പോൾ നമ്മിലെ യഥാർത്ഥ ശക്തി മറനീക്കി പുറത്തു വരുന്നു.
ഹീലിംഗ് ഒരു തുടക്കമാണ്;
ഒരു ഹീലിംഗ് സെഷൻ ഒരു വിത്ത് നട്ടതുപോലെ, ഉള്ളിൽ മാറ്റത്തിനുള്ള തുടക്കം സൃഷ്ടിക്കുന്ന പ്രക്രിയയാണ്.
വാഹനത്തിന്റെ ഇഗ്നിഷൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നു; യാത്ര തുടരാൻ ഇന്ധനവും ശരിയായ ദിശയും ആവശ്യമാണ്. അതുപോലെ, സെഷൻ നൽകുന്ന തുടക്കത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് അംഗത്തിന്റെ ജീവിതശൈലി, മനോഭാവം, പരിശീലനം, ഉത്തരവാദിത്തം എന്നിവയാണ്.
ഹീലർ പ്രക്രിയയ്ക്ക് അനുയോജ്യമായ ഊർജ്ജപരിസരം ഒരുക്കുകയും വഴികാട്ടുകയും ചെയ്യുന്നു. അംഗത്തിന്റെ പങ്ക് തുറന്ന മനസ്സോടെ സ്വീകരിക്കുക, നിർദ്ദേശങ്ങൾ പിന്തുടരുക, സ്വന്തം അനുഭവങ്ങളെ ശ്രദ്ധിക്കുക, ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കുക എന്നതാണ്.
ഗുരുവിനോ ഹീലറിനോ ഒരാളെ സഹായിക്കാം; എന്നാൽ വ്യക്തിയുടെ ജീവിതയാത്ര അദ്ദേഹത്തിനുവേണ്ടി മറ്റൊരാൾക്ക് നടക്കാനാവില്ല. ആത്മീയവളർച്ചയുടെ ലക്ഷ്യം ആശ്രയത്വം വർധിപ്പിക്കൽ അല്ല, ക്രമേണ കൂടുതൽ അവബോധത്തോടെയും ആന്തരികസ്ഥിരതയോടെയും നിലകൊള്ളാൻ പഠിക്കലാണ്.
ഈ യാത്രയിൽ തുറന്ന മനസ്സോടെ പങ്കെടുക്കുക. . നിങ്ങളുടെ അനുഭവവും വളർച്ചയും നിങ്ങളുടേതായ രീതിയിലും സമയത്തിലും വികസിക്കട്ടെ.
സ്നേഹത്തോടെയും ആശംസകളോടെയും,
ശ്രീകാന്ത് വാസുദേവൻ
Founder & Grand Master, Lotus Thread Community
LOTUS THREAD
Transform Within. Serve Beyond.
. എന്താണ് ലോട്ടസ് ത്രെഡ്?
ഉപബോധമനസ്സിലും ഊർജ്ജശരീരത്തിലും രൂപപ്പെടുന്ന തടസ്സങ്ങളെ ശുദ്ധീകരിച്ച്, വ്യക്തിയുടെ ഉള്ളിലെ ആത്മീയപ്രകാശവും സ്വാഭാവികമായ കഴിവുകളും കൂടുതൽ സ്വതന്ത്രമായി പ്രകടമാകാൻ സഹായിക്കുന്ന ഒരു നിശബ്ദ ഊർജ്ജപ്രക്രിയയാണ് (Silent Energy Process) ലോട്ടസ് ത്രെഡ്. ഹീലറുമായുള്ള നിശബ്ദമായ സാമീപ്യം, ലളിതമായ ശ്വസനരീതികൾ, ഊർജ്ജശുദ്ധീകരണം, ക്രമീകരണം എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ.
ഞാൻ ശ്രീകാന്ത് വാസുദേവൻ. ഹിപ്നോതെറാപ്പി, NLP, ധ്യാനം, തന്ത്ര–യോഗ, വിവിധ ഊർജ്ജപരിശീലനങ്ങൾ എന്നിവയിൽ ഇരുപതിലധികം വർഷമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. എന്റെ ആന്തരിക പര്യവേക്ഷണങ്ങളിലൂടെയും ധ്യാനാനുഭവങ്ങളിലൂടെയും ലഭിച്ച തിരിച്ചറിവുകളെ അടിസ്ഥാനമാക്കിയാണ് Lotus Thread Energy Healing System രൂപപ്പെടുത്തിയത്.
3. ലോട്ടസ് ത്രെഡ് രൂപപ്പെട്ട വഴി
2018 ഒക്ടോബർ 11-ന് എനിക്കുണ്ടായ ആഴമേറിയ ഒരു ധ്യാനാനുഭവത്തിലാണ് ലോട്ടസ് ത്രെഡിന്റെ ബീജരൂപം ഉദിച്ചത്. തുടർന്ന് ഏഴ് വർഷത്തോളം നടത്തിയ നിരന്തരമായ പഠനം, സാധന, പരീക്ഷണം, പ്രായോഗിക വികസനം എന്നിവയിലൂടെ ആ അനുഭവത്തെ വ്യക്തമായ ഒരു ഹീലിംഗ് രീതിയായി രൂപപ്പെടുത്തി. തന്ത്ര–യോഗ വിദ്യകളുടെ അന്തഃസത്തയെ ആധുനിക മനുഷ്യന് ലളിതമായും പ്രായോഗികമായും അനുഭവിക്കാൻ കഴിയുന്ന ഒരു നവതാന്ത്രിക രീതിയായാണ് (Neo-Tantric Method) ലോട്ടസ് ത്രെഡ് വികസിപ്പിച്ചിരിക്കുന്നത്.
അറിവിൽ നിന്ന് അനുഭവത്തിലേക്ക്
ആത്മീയാനുഭവങ്ങളുടെ വലിയൊരു ഭാഗം വാക്കുകളിലൂടെ പൂർണമായി കൈമാറാനാവില്ല. അതുകൊണ്ട് Lotus Thread-ൽ നീണ്ട തത്ത്വവാദങ്ങളേക്കാൾ പരിശീലനത്തിനും നേരിട്ടുള്ള അനുഭവത്തിനുമാണ് മുൻഗണന.
- പുസ്തകജ്ഞാനം സഹായകരമാണ്; എന്നാൽ അത് സ്വാനുഭവത്തിന് പകരമല്ല.
- പരിശീലനത്തിനു ശേഷമുണ്ടാകുന്ന യഥാർത്ഥ സംശയങ്ങളും നിരീക്ഷണങ്ങളും സ്വാഗതം ചെയ്യപ്പെടുന്നു.
- വിശ്വാസം തെളിയിക്കാനോ അവിശ്വാസിയെ മാറ്റാനോ വേണ്ടിയുള്ള വാദപ്രതിവാദങ്ങൾ ഈ ഗ്രൂപ്പിന്റെ ലക്ഷ്യമല്ല.
Lotus Thread-ലുള്ള അംഗത്വം വ്യക്തിപരമായ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലല്ല; ആത്മാർഥമായ താത്പര്യം, പങ്കാളിത്തം, ആശയവിനിമയം, പരിശീലനത്തിലെ സ്ഥിരത എന്നിവയുടെ അടിസ്ഥാനത്തിലാണ്.
ശക്തിയേക്കാൾ പ്രധാനമാണ് ശുദ്ധമായ ഉദ്ദേശ്യം
ഊർജ്ജപരിശീലനത്തിന്റെ യഥാർത്ഥ മൂല്യം അസാധാരണശേഷികളുടെ പ്രദർശനത്തിലല്ല. വിനയം, ആത്മനിയന്ത്രണം, ഉത്തരവാദിത്തം, കരുണ, ധാർമ്മികത, ശുദ്ധമായ ഉദ്ദേശ്യം എന്നിവയോടൊപ്പം വളരുന്ന ശക്തിക്കാണ് ശരിയായ ദിശ ലഭിക്കുന്നത്.
| ഓർക്കുക ആത്മീയപരിശീലനത്തിന്റെ ലക്ഷ്യം ശക്തിയെ വളർത്തുന്നതിനു മുമ്പ് അതിനെ കൈകാര്യം ചെയ്യുന്ന വ്യക്തിയെ പാകപ്പെടുത്തുകയാണ്. |
ലോട്ടസ് ത്രെഡ് ഹീലിംഗ് സെഷനിൽ പങ്കെടുക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ
സെഷന് മുമ്പ്
- കഴിയുന്നത്ര ഒഴിഞ്ഞ വയറ്റിൽ സെഷനിൽ പങ്കെടുക്കുക. ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഇടവേള നൽകുക.
- കുളിച്ച് ശരീരശുദ്ധി വരുത്തിയശേഷം സെഷനിൽ പങ്കെടുക്കുന്നത് ഉചിതമാണ് – കാരണം ഹീലിംഗ് സെഷന് ശേഷം ശരീരം നനയാതിരിക്കുവാൻ ശ്രദ്ധിക്കുക.
- ഈശ്വര വിശ്വാസമുള്ളവർ – പ്രാർത്ഥന ശീലമുള്ളവർ – സെഷനു മുമ്പ് ഏതാനും നിമിഷം പ്രാർത്ഥിന പൂർത്തീകരിക്കുന്നത് നല്ലതാണ് –
ഒഴിഞ്ഞ വയറോടും – ശരീരശുദ്ധി , പ്രാർത്ഥന ഇവയ്ക്കു ശേഷമായി ഹീലിംഗ് സെഷനിൽ പങ്കെടുക്കുന്നത് വളരെ നല്ലതാണ്.
- തിരക്കിട്ടോ ധൃതിപിടിച്ചോ സെഷനിലേക്ക് വരാതിരിക്കുക. സെഷൻ ആരംഭിക്കുന്നതിന് കുറഞ്ഞത് 10–15 മിനിറ്റ് മുമ്പെങ്കിലും തയാറായിരിക്കുക .
- ശരീരത്തിന് സൗകര്യപ്രദമായ, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
- ഹീലിംഗ് സെഷനിൽ പങ്കെടുക്കുമ്പോൾ വാച്ച്, ആഭരണങ്ങൾ, ബെൽറ്റ് തുടങ്ങിയ ലോഹവസ്തുക്കൾ കഴിയുന്നത്ര ശരീരത്തിൽനിന്ന് മാറ്റിവയ്ക്കുക.
- മൊബൈൽ ഫോൺ സൈലന്റ് മോഡിലാക്കുക. സെഷൻ തടസ്സപ്പെടാത്ത വിധത്തിൽ ആവശ്യമായ കാര്യങ്ങൾ മുൻകൂട്ടി ക്രമീകരിക്കുക.
സെഷൻ നടക്കുമ്പോൾ
- ഹീലറുടെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പിന്തുടരുക.
- പ്രത്യേകമായ ഒരു അനുഭവം ഉണ്ടാകണമെന്ന് നിർബന്ധിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യേണ്ടതില്ല. ശാന്തമായി, സ്വാഭാവികമായി പ്രക്രിയയിൽ തുടരുക.
- ചൂട്, തണുപ്പ്, വിറയൽ, ഭാരക്കുറവ്, ഭാരം, സ്പന്ദനം, ഇക്കിളി, നിറങ്ങളോ ചിത്രങ്ങളോ കാണുന്നതുപോലുള്ള അനുഭവം, വികാരങ്ങളുടെ ഉയർച്ച, ആഴത്തിലുള്ള ശാന്തത തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായേക്കാം. ഓരോ വ്യക്തിയുടെയും അനുഭവം വ്യത്യസ്തമായിരിക്കും.
- അനുഭവങ്ങളെ വിലയിരുത്താതെ അവബോധത്തോടെ നിരീക്ഷിക്കുക. ശരീരത്തിലും ശ്വാസത്തിലും മനസ്സിലും വികാരങ്ങളിലും ഉണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ ശ്രദ്ധിക്കുക.
പ്രത്യേക കുറിപ്പ്
ലോട്ടസ് ത്രെഡ് ഹീലിംഗ് സ്വീകരിക്കുന്നതിന് അന്ധമായ വിശ്വാസം ആവശ്യമില്ല. അതുപോലെ, മുൻകൂട്ടിയുള്ള അവിശ്വാസത്തോടെയോ എല്ലാം നിരാകരിക്കണമെന്ന മനോഭാവത്തോടെയോ സമീപിക്കേണ്ടതുമില്ല.
വിശ്വാസത്തിനും അവിശ്വാസത്തിനും പകരം തുറന്ന മനസ്സും സ്വീകരണക്ഷമതയുമാണ് ആവശ്യമായത്.
“എനിക്ക് എന്താണ് അനുഭവപ്പെടുന്നത്?” എന്ന ലളിതമായ അവബോധത്തോടെ പ്രക്രിയയെ സ്വീകരിക്കുക.
സെഷനുശേഷം
- സെഷൻ അവസാനിച്ചതിനു പിന്നാലെ പെട്ടെന്ന് എഴുന്നേൽക്കാതിരിക്കുക.
കണ്ണുകൾ പാം ചെയ്തതിനു ശേഷം ശരീരം മുഴുവൻ മെല്ലെ തിരുമുക – ചെറിയ സ്ട്രെച്ചിങ് വ്യായാമം ചെയ്തുകൊണ്ട് – കുറച്ച് നിമിഷം ശാന്തമായി ഇരുന്നശേഷം പതുക്കെ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങുക.
- ഹീലിംഗ് കഴിഞ്ഞ ഉടനെ കുളിക്കുകയോ ശരീരം നനയ്ക്കുകയോ ചെയ്യാതിരിക്കുക. സാധ്യമെങ്കിൽ 24 മണിക്കൂർ ഇടവേള നൽകുക.
- ആവശ്യത്തിന് ശുദ്ധജലം കുടിക്കുക.
- സെഷനുശേഷം കഴിയുന്നത്ര വിശ്രമിക്കുക. അമിതമായ ശാരീരികപ്രയത്നം, തിരക്ക്, വാദപ്രതിവാദം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കുക.
- സെഷനിൽ ഉണ്ടായ പ്രധാന അനുഭവങ്ങൾ, വികാരങ്ങൾ, ശരീരസംവേദനങ്ങൾ, സ്വപ്നങ്ങൾ, മനോഭാവത്തിലെ മാറ്റങ്ങൾ എന്നിവ കുറിച്ചുവയ്ക്കുക.
- അസ്വസ്ഥതയോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഹീലറെ അറിയിക്കുക.
ശ്രദ്ധിക്കുക: ലോട്ടസ് ത്രെഡ് ഹീലിംഗ് ഒരു ആത്മീയ–ഊർജ്ജപരമായ ക്ഷേമപ്രക്രിയയാണ്. ഇത് ആവശ്യമായ വൈദ്യചികിത്സയ്ക്കോ മാനസികാരോഗ്യപരിചരണത്തിനോ പകരമല്ല.